Wednesday, July 28, 2010

Drop Box

Monday, July 19, 2010

കര്‍ക്കിടകക്കഞ്ഞി- ഒരു മഴചികിത്സ

മഴക്കാലമെന്നത് ആയുര്‍വേദ പ്രകാരം ചികിത്സകളുടെ കാലമാണ്, ഉഴിച്ചിലും പിഴിച്ചിലും എന്നുവേണ്ട ഭക്ഷണ മഴക്കാലത്തെ ഭക്ഷണക്രമത്തിനും ആയുര്‍വേദം ഒട്ടേറെ രീതികള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

മുമ്പൊക്കെയാണെങ്കില്‍ മഴക്കാലത്ത് പറമ്പില്‍ കിളിര്‍ക്കുന്ന തകരയില, നെയ്ച്ചീര, തഴുതാമയില തുടങ്ങിയ പല ഇലവര്‍ഗങ്ങളും കറിവച്ച് കഴിയ്ക്കുക ശരാശരി മലയാലിക്കുടുംബങ്ങളിലെ പതിവായിരുന്നു.

എന്നാല്‍ ഇന്ന് പറമ്പുകളില്ലാതാവുകളും സസ്യവര്‍ഗങ്ങള്‍ പലതും നശിയ്ക്കുകയും ചെയ്തതോടെ ഇക്കാര്യങ്ങളൊന്നും സാധിയ്ക്കാതെയായി. മഴക്കാലത്തെ ഔഷധസേവകളില്‍ പ്രധനപ്പെട്ട ഒന്നാണ് കര്‍ക്കിടകക്കഞ്ഞി എന്നറിയപ്പെടുന്ന ഔഷധക്കഞ്ഞി.

ഇത് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും രോഗങ്ങളുടെ പിടിയില്‍ നിന്ന് ശരീരത്തിന് പ്രത്യേക സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ഇതിനു പുറമെ വാതരോഗങ്ങള്‍ക്കും ഇത് ശമനം നല്‍കും.

ആറു തരം അരി, ജീരകം, പെരുംജീരകം, ആശാളി, ഉലുവ, കൊത്തമല്ലി, കരിങ്കുറിഞ്ഞി, കുറുന്തോട്ടി, നിലംപന കിഴങ്ങ്, പുത്തരിച്ചുണ്ട വേര്, തഴുതാമ, ചങ്ങലപരണ്ട, പാറോത്തന്‍, തക്കോലം, ചുക്ക്, ശതകുപ്പ, ഏലത്തരി, കരയാമ്പൂ, നറുനീണ്ടിക്കിഴങ്ങ്, മഞ്ഞള്‍, ഇടിഞ്ഞില്‍, തേങ്ങാപ്പാല്‍ എന്നിവയാണ് മരുന്നുകഞ്ഞിയിലെ പ്രധാന ചേരുവകള്‍.

പുഴുക്കലരി, കുത്തരി, ഉണക്കലരി, പച്ചരി, മുളയരി തുടങ്ങിയ ആറു തരം അരികളാണ് ആവശ്യം. ഇനി ഇത്രയും തരം അരി ലഭിക്കില്ലെങ്കില്‍ ഉണക്കലരി മാത്രം മതിയെന്ന് വെയ്ക്കാം.

അരി തേങ്ങാപ്പാലില്‍ വേവിക്കുക. വേവ് പകുതിയാവുമ്പോള്‍ ജീരകം, ഉലുവ, പെരുംജീരകം, കരയാമ്പൂ, ഏലത്തരി, ചുക്ക്, തക്കോലം തുടങ്ങിയവ ഇടാം.

ഇതു ചേര്‍ത്ത് അരി നന്നായി വെന്ത് കഞ്ഞി പരുവത്തിലാകുമ്പോള്‍ പച്ചമരുന്നുകളായ കരിംങ്കുറിഞ്ഞി, കുറുന്തോട്ടി, നിലംപനകിഴങ്ങ്, പുത്തരിച്ചുണ്ടവേര്, തഴുതാമ, ചങ്ങലപരണ്ട, പാറോത്തന്‍, മഞ്ഞള്‍, ഇടിഞ്ഞില്‍, കൊത്തമല്ലി തുടങ്ങിയവ സമൂലം(വേരോടെ) ഇടിച്ചുപിഴിഞ്ഞ നീര് ചേര്‍ക്കണം. നന്നായി തിളച്ചുകഴിഞ്ഞ് അടുപ്പില്‍ നിന്നും മാറ്റിയശേഷം ഇതിനു ശേഷം തേങ്ങയുടെ ഒന്നാം പാലും പിളിഞ്ഞ് ചേര്‍ക്കണം.

ഇപ്പോള്‍ മരുന്നുകഞ്ഞിയെന്നത് വലിയൊരു വ്യവസായമായി വളര്‍ന്നിരിക്കുന്നു. പലകമ്പനികളുടെ മരുന്ന് കൂട്ട് പാക്കറ്റുകളില്‍ ലഭ്യമാണ്. എന്നാല്‍ ഇത് വാങ്ങി വെറുതെയങ്ങ് വേവിച്ച് കഴിച്ചാല്‍ കഞ്ഞിയുടെ ഫലമേ ചെയ്യൂ മരുന്നുകഞ്ഞിയുടെ ഫലം ചെയ്യില്ല. അതിനാല്‍ കഞ്ഞിസേവക്കു മുമ്പ് അവിഭക്തി ചൂര്‍ണം, ത്രിഫല ചൂര്‍ണം, ആവണക്കെണ്ണ ഇവയില്‍ എന്തെങ്കിലും ഒന്ന് സേവിച്ച് വയറിളക്കി ദേഹശുദ്ധി വരുത്തേണ്ടതുണ്ട്.

രാവിലേയും വൈകുന്നേരവും മുടങ്ങാതെ മൂന്നു ദിവസമെങ്കിലും കഞ്ഞി സേവിക്കണമെന്നാണ് പറയുന്നത്. എങ്കിലേ അതിന്റെ ഔഷധഫലം പൂര്‍ണ്ണമായും ശരീരത്തിന് ലഭിക്കുകയുള്ളു. കഞ്ഞി സേവിക്കുന്ന ദിവസങ്ങളില്‍ കഠിനാധ്വാനവും മത്സ്യമാംസാദികളും ഒഴിവാക്കണമെന്നാണ് ആയൂര്‍വേദ നിര്‍ദ്ദേശം.

കര്‍ക്കിടക മാസത്തില്‍ കോശവിവേചനമാണ് ശരീരത്തില്‍ നടക്കുന്നത്. അതിനാല്‍ ഇത്തരം ഔഷധക്കഞ്ഞികള്‍ കഴിക്കുന്നത് നല്ലതാണ്.

Thursday, May 20, 2010

.ഇവര്‍ പോക്കിരികള്‍ തന്നെ

പോക്കിരിരാജയും പോക്കിരിസൂര്യയും തീയേറ്ററുകളില്‍ വിജയയാത്രതുടങ്ങിക്കഴിഞ്ഞു. പോക്കിരിമാരുടെ ഓരോ ഡയലോഗുകളും ആര്‍പ്പുവിളിയോടെയും കയ്യടിയോടെയുമാണ് പ്രേക്ഷകര്‍ വരവേല്‍ക്കുന്നത്. പോക്കിരിരാജയില്‍ മെഗാതാരവും യുവസൂപ്പര്‍സ്റ്റാറും ഒന്നിനൊന്നുമെച്ചമെന്ന രീതിയില്‍ കഥാപാത്രങ്ങളെ മികവുറ്റതാക്കിയിട്ടുണ്ട്.


ആദ്യത്തെ ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമെ പോക്കിരിരാജ സ്ക്രീനിലെത്തുകയുള്ളൂ. അതുവരെ പോക്കിരിസൂര്യയാണ് സിനിമ കൊണ്ടുപോകുന്നത്. പോക്കിരിരാജയെത്തുംവരെ സൂര്യയുടെ താന്തോന്നിത്തരങ്ങള്‍ പ്രേക്ഷകരെ പിടിച്ചിരുത്തുംവിധമാണ് സംവിധായകന്‍ ചിത്രം അണിയിച്ചൊ രുക്കിയിരിക്കുന്നത്‌ .
ഇവര്‍ എങ്ങനെ പോക്കിരികളായി എന്നതറിയണമെങ്കില്‍ പൂര്‍വചരിത്രം അറിയണം. മാതൃകാധ്യാപകനായ കുന്നത്തുതറവാട്ടിലെ മാധവന്‍ മാഷിന്റെ മക്കളാണ് രാജയും സൂര്യയും. കുന്നത്തു തറവാടിന്റെ ശത്രുക്കളാണ് പുതിയറക്കാര്‍ .ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടയില്‍അബദ്ധത്തില്‍ മാധവന്‍ മാഷ്‌ ഒരാളെ കൊല്ലുന്നു. കുറ്റമേറ്റെടുത്തു രാജ ജയിലില്‍ പോകുന്നു. ശിക്ഷ കഴിഞ്ഞിറങ്ങിയ രാജ തെറ്റുകളുടെ പുറകെ പോകുന്നു.മാഷ്‌ രാജയെ തള്ളിപ്പറയുന്നു.നാടുവിട്ടു പോകുന്ന രാജ മധുരയിലെത്തുന്നു. അവിടെ കിരീടം വയ്ക്കാത്ത രാജാവാകുന്നു.
അനിയന്‍ സൂര്യയും രാജയുടെ വഴി തന്നെയാണ് തിരഞ്ഞെടുക്കുന്നത് .അല്ലറ ചട്ടമ്പിത്തരങ്ങളുമായി നടക്കുന്ന സൂര്യ പൊലീസ് കമ്മിഷണറുടെ മകളെ പ്രണയിക്കുന്നു .സൂര്യയെ കമ്മിഷണര്‍ കള്ളക്കേസില്‍ കുടുക്കുന്നു. സൂര്യയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു മാഷ്‌ രാജയെ തേടിയെത്തുന്നു. രാജ അനിയനെ രക്ഷിക്കാനെത്തുന്നു.

രാജ! ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും പോക്കിരിരാജ! “ഞാന്‍ രാജ. ഞാനും സൂര്യയും രണ്ടല്ല. ഒന്നാണ്. ഒരു തന്തയ്ക്ക് പിറന്ന മക്കള്‍”- കിടിലന്‍ ഡയലോഗ് പറഞ്ഞെത്തുന്ന രാജ പിന്നീട് സിനിമയില്‍ നിറയുകയാണ്. പിന്നീടങ്ങോട്ട് രാജയുടെ ആക്ഷന്‍, ഡയലോഗ് ,ഡാന്‍സ് ,കോമഡി എന്നിവയുമായി രാജ തിളങ്ങുന്നു.

രാജയായി മമ്മൂട്ടിയും സൂര്യയായി പൃഥ്വിരാജും മികച്ച അഭിനയം കാഴ്ചവയ്കുന്നു. തന്റെ ആദ്യമലയാളചിത്രത്തിലെ നായിക വേഷം ശ്രേയ ശരണും ഭംഗിയാക്കുന്നു. കോമഡി റോളില്‍ സുരാജും തിളങ്ങുന്നു.
നവാഗതനായ വൈശാഖ് ഒട്ടും പതര്‍ച്ചയില്ലാതെ ചിത്രം ഒരുക്കിയിരിക്കുന്നു.പ്രേക്ഷകരുടെ ഇഷ്ടമറിഞ്ഞു സിനിമയൊരുക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. ഉദയകൃഷ്ണയും സിബി തോമസും ചേര്‍ന്നൊരുക്കിയ തിരക്കഥ സിനിമ പാളിച്ചകളില്ല്ലാതെ അവതരിപ്പിക്കാന്‍ സംവിധായകനെ സഹായിക്കുന്നു. ഗാനങ്ങളും നൃത്തവും സിനിമയില്‍ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

സ്‌പെയിന്‍ തയ്യാര്‍; ടോറസ് ടീമില്‍

മാഡ്രിഡ്: പരിക്കില്‍​നിന്ന് മോചിതരാവാത്ത ഫെര്‍ണാണ്ടോ ടോറസിനെയും സെസ്‌ക് ഫാബ്രിഗാസിനെയും ഉള്‍പ്പെടുത്തി ലോകകപ്പിനുളള 23 അംഗ സ്‌പാനിഷ് ടീമിനെ പ്രഖ്യാപിച്ചു. റയല്‍ മാഡ്രിഡ് ഗോള്‍കീപ്പര്‍ ഐകര്‍ കസീയസാണ് ക്യാപ്റ്റന്‍. യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ഇത്തവണ ഏറ്റവും സാധ്യതകല്‍പിക്കപ്പെടുന്ന ടീമാണ്.

                 ടോറസിനൊപ്പം യുവാന്‍ മാനുവല്‍ മാറ്റ, ഡേവിഡ് വിയ്യ, ജീസസ് നാനസ്, പെഡ്രോ റോഡ്രിഗസ്, ഫെര്‍ണാണ്ടോ ലോറന്റെ എന്നിവരാണ് മുന്നേറ്റനിരയിലുളളത്. സാബി അലോന്‍സോ, സാവി, ഇനിയസ്റ്റ, ഹവിയര്‍ മാര്‍ട്ടിനസ് തുടങ്ങിയവര്‍ മധ്യനിരയിലുമെത്തു.


                       വിന്‍സന്റെ ഡെല്‍ബോസ്‌കാണ് സ്‌പാനിഷ് കോച്ച്.

Thursday, April 15, 2010

അര്‍ജന്റീനയുടെ കണ്ണിലൂടെ ബ്രസീലിനെ കാണുന്നത്

ദുസ്വപ്നം കണ്ടുണര്‍ന്ന കുരുന്നിന്റെ പകച്ച കണ്ണിലൂടെയെ


ഞാന്‍ ബ്രസീലിനെ കണ്ടിട്ടുള്ളൂ

ഇരുമ്പിനെ പോലും തുളച്ചു താഴും അമ്ല ലായനി പോലെ

അകം പൊള്ളും എന്തോ ഒന്നാണത്.

സൌന്ദര്യമില്ലാതിരുന്നിട്ടും അനാകര്‍ഷകമായിട്ടും

അത് കരുത്തിന്റെ പട്ടാളച്ചിട്ട കൊണ്ട് കളം വാണു.

ബ്രസീലിനെപ്പോഴും എന്റെ ഓര്‍മ്മകളില്‍

ഭീതിതമായ കറുപ്പ് നിറമായിരുന്നു

അതിന്റെ മൌനത്തിനും ഏതോ പ്രകമ്പനത്ത്തിന്റെ മുഴക്കമായിരുന്നു
മൈതാനത്തിന്റെ പാതി മുറിക്കും വരക്കപ്പുറം

അതിരും വിട്ടു ഒരു ചതിയന്‍

ഓഫ് സൈഡു പൊട്ടിക്കാന്‍ കാത്തിരിക്കാരുണ്ടായിരുന്നു എപ്പോഴും

അപരന്റെ നീരൂറ്റിയ ഇത്തിക്കണ്ണിയുടെ ഹരിതാഭ പോലെ ഒരാള്‍!

എങ്ങു നിന്നോ പൊട്ടി വീണു, ഒരു ചാവേറായി

എതിര്‍ മുഖങ്ങളില്‍ നാശം വിതച്ച്

ബ്രസീലിന്റെ തോല്‍വി ജാതകങ്ങള്‍ തിരുത്തുമായിരുന്നു അയാള്‍ !

'റൊണാള്‍ഡോ' എന്ന് അയാള്‍ക്ക്‌ പിറകില്‍ പച്ച കുത്തിയിരുന്നു .

മനസ്സിലെന്നും ഇഷ്ട്ടമായിരുന്നു

പന്ത് കൊണ്ട് മഴവില്ല് വിരിയിക്കും

കോന്ത്രപ്പല്ലുള്ള ഒരു കുറിയ ജാലവിദ്യക്കാരനെ

അയാള്‍ നൃത്തം ചവിട്ടുമ്പോള്‍

ഞാന്‍ ബ്രസീലിനെ മറന്ന് അയാളെ സ്നേഹിക്കാന്‍ തുടങ്ങും

അപായ മുദ്ര കാണിക്കും കളിയിലെ കറുത്ത ശിക്ഷകനോട് പോലും

അയാള്‍ പുഞ്ചിരിക്കുമ്പോള്‍

ഞാന്‍ വിസ്മയിക്കാറുണ്ട് .

'റൊണാള്ടിഞ്ഞോ' എന്നായിരുന്നു ഗാലെരികള്‍ അയാളെ വിളിച്ചിരുന്നത്
പിന്നെയായിരുന്നു ഞങ്ങള്‍ നാട്ടിന്‍പുറത്ത് മുതിര്‍ന്നവരെ വിളിക്കും പോലെ

ഒരു 'കാക്കാ 'വന്നത്

അയാള്‍ കുതിക്കുമ്പോള്‍ ഒപ്പമെത്താന്‍ ഞാന്‍ മനസാ കുതിക്കാറുണ്ട് .

ഞാന്‍ തോല്‍ക്കുമ്പോഴും ജയിച്ചയാളോട് എനിക്ക് വെറുപ്പുണ്ടാകാറില്ല

അയാള്‍ ബാല്യത്തില്‍ ഒരു പിടി അന്നത്തിനായി

ഇതിലും വേഗത്തില്‍ ഓടിയിരുന്നത്രേ ..!

കഥയായിരിക്കാം....

എന്നാലും വിശ്വസിക്കുന്നതാണ്‌ എനിക്കിഷ്ടം
പിന്നെ കേട്ടറിവ് മാത്രമുള്ള ഒരു 'പെലെ'

പരിശീലകന്റെ താന്‍ പ്രമാണിത്വം മുഖം നഷ്ട്ടപ്പെടുത്തിയ 'റൊമാരിയോ '

ലക്‌ഷ്യം നേടിയ ആഘോഷം കൈക്കുഞ്ഞിനു സമ്മാനമായി

മൈതാനത്ത് തൊട്ടില്‍ താളമാട്ടിയ 'ബെബറ്റോ'

നന്നായി ഫൌള്‍ അഭിനയിക്കുമായിരുന്ന 'റിവാള്‍ഡോ '

കാലു കൊണ്ടടിച്ച പന്തിനെ കണ്ണ് കൊണ്ട് വളച്ചു പോസ്റ്റിലേക്ക് കയറ്റും കാര്‍ലോസ്

പാഞ്ഞു പാഞ്ഞു പേപ്പട്ടി പോലെ

മൈതാനം മുഴുവന്‍ ഭീതി പടര്ത്തിയിരുന്നൊരു 'ദുന്ഗ' മുതല്‍

ആളിക്കത്തിയും കെട്ടമര്‍ന്നും ഒരു കുട്ടിക്കുറുമ്പന്‍ 'റോബിഞ്ഞോ' വരെ
ഒരു പീത സാഗരം ഗാലറിയില്‍ അലയടിക്കുമ്പോള്‍,

ചെവി തുളയ്ക്കും വന്യമായൊരു സാംബാ താളത്തോടെ,

ഒരു വിസില്‍ നാദം കേട്ടാല്‍,ഭീതിതമായ ചടുലതയില്‍,

ദയാ രഹിതങ്ങളായ മുഖ ഭാവങ്ങളുള്ള ആരാച്ചാര്‍മാര്‍ പോലെ

അവര്‍ കൊല വിളിച്ച് അലറിപ്പാഞ്ഞു നടക്കും.

അവര്‍ വിട്ടൊഴിഞ്ഞ മൈതാനങ്ങളില്‍

അവര്‍ അവശേഷിപ്പിച്ച പാദ മുദ്രകളില്‍

കറുത്ത കരിയനുരുംബുകള്‍ ചോര തിരഞ്ഞ് വരാരുന്ടെന്നു

ആരോ പറഞ്ഞു കേട്ടിട്ടുണ്ട്

കളവായിരിക്കാം.....

എന്നാലും വിശ്വസിക്കുന്നതാണ്‌ എനിക്കിഷ്ടം.
ജയത്തിന്റെ ഒത്തുതീര്‍പ്പുകളില്ലാത്ത ഗണിതങ്ങള്‍ക്ക്

ലാറ്റിന്‍ അമേരിക്കന്‍ സൌന്ദര്യത്തിന്‍ നീതിബോധങ്ങളെ പോലും

അവര്‍ കൂട്ടിക്കൊടുക്കും.
ഒരു കോപ്പാ ദുരന്തത്തില്‍

അര്‍ജന്റീനിയന്‍ മാലാഖമാരെ അവര്‍ മുറിവേല്‍പ്പിച്ചതിനു

അത്തരം ഒരു കൂട്ടിക്കൊടുപ്പിന്‍ ഗന്ധമുണ്ടായിരുന്നു.

കോപ്പാ കലാശത്തില്‍ ലാറ്റിന്‍ സൌന്ദര്യത്തെ യൂറോപ്പിന് കൂട്ടിക്കൊടുത്ത്

പിമ്പുകളായി, അവര്‍ ധീരന്മാരെ പിറകില്‍ നിന്ന് വെട്ടി വീഴ്ത്തി .

അമ്പേല്‍ക്കാത്തവരില്ല കുരുക്കളില്‍ എന്ന പോലെ

മാറി മാറി ചവിട്ടി മെതിച്ച് ശിക്ഷാ കാര്‍ഡുകള്‍ വാങ്ങി

അവര്‍ കുറുക്കു വഴിയിലൂടെ ഉയരത്തെ കബളിപ്പിച്ചു.
എന്നാലും ബ്രസീലിനെ വെറുക്കാതിരിക്കാന്‍ മാത്രം

ഒരു കോന്ത്രപ്പല്ലുകാരനായ ശിശുവിന്റെ

സഹജമായ നിഷ്കളങ്കതയോടെ പുഞ്ചിരിച്ച്

ഒരു പനങ്കുല മുടിക്കാരന്‍ ഉറക്കില്‍ എന്റെ മുന്നില്‍ സന്ധിയുമായി വരും
വെറുക്കയില്ല ഞാന്‍

പാദം കൊണ്ടു പന്തുമായ് കുതിക്കുന്നോരാളെയും...

ഏതു കറുമ്പനെയും കുറുമ്പനെയും

ഹൃദയത്തോട് ചേര്‍ത്ത് കേട്ടുന്നൊരു ഇഷ്ട്ടമാണെനിക്ക്‌ സോക്കര്‍

അര്‍ജന്റീന അതിന്റെ സൌന്ദര്യ നാമവും ..........